
നാടകനടിയായ കുഞ്ഞമ്മയോടൊപ്പം എന്നെ അമ്മ താമസിക്കാന് വിട്ടത് അവര്ക്കു മക്കളില്ലാത്തതുകൊണ്ടു മാത്രമല്ല. എനിക്കെന്തെങ്കിലും ഒരു ജോലി തരപ്പെടുത്തിത്തരാന് കുഞ്ഞമ്മ വിചാരിച്ചാല് സാധിക്കും എന്നു തോന്നിയതുകൊണ്ടൂകൂടിയാണു. കുഞ്ഞമ്മ അങ്ങനെ പറയുകയും ചെയ്തു:
‘ചേച്ചീ, ഇവളുടെ അച്ഛനോ തിരിഞ്ഞു നോക്കുന്നില്ല. ചേച്ചി ഒരാളു വിചാരിച്ചാല് എന്താവാനാ. താഴെയുമില്ലേ രണ്ടു പിള്ളേര് . ഇവള്ക്കു ഞാന് നാടകത്തിലോ സീരിയലിലൊ എന്തെങ്കിലും റോളൊക്കെ ഒപ്പിച്ചു കൊടുക്കാം. ഭാഗ്യമുണ്ടെങ്കില് നന്നായിക്കോളും”.
അമ്മക്ക് സമ്മതമായിരുന്നു. അങ്ങനെയാണു ഞാന് കുഞ്ഞമ്മയുടെ വീട്ടിലെത്തിയത്. എനിക്കു ഒരു വയസ്സുള്ളപ്പോള് ഒരാളെ പ്രേമിച്ചു ഓടിപ്പോയതാണു കുഞ്ഞമ്മ. കുറച്ചുനാള് കഴിഞ്ഞപ്പോള് അയാള് ഉപേക്ഷിച്ചുപോയി. മുത്തച്ഛന് പക്ഷെ വീട്ടില് കയറ്റിയില്ല. അതൊക്കെ പഴയ കഥ. അന്നു ജീവിക്കാന് കുഞ്ഞമ്മ നടകത്തില് അഭിനയിക്കാന് തുടങ്ങി. ഇടക്കൊക്കെ വീട്ടിലും വരും. പിന്നെ ഒരാളെ കല്യാണം കഴിച്ചു. ജോലിയൊന്നുമില്ല ാത്ത ഒരു പാവത്താന്. അയാളാണു കുഞ്ഞമ്മയോടൊപ്പം നാടകത്തിനൊക്കെ കൂട്ടിനു പോകുന്നതു.
ഞങ്ങളുടെ വീട്ടിലും സ്ഥിതി മാറിയിരുന്നു. മുത്തച്ഛന് മരിച്ചപ്പോഴേക്കു അച്ഛന് വീട്ടില് വരാതായിരുന്നു.. അമ്മയുടെ തയ്യലും കുറച്ചു പച്ചക്കറിക്കൃഷിയുമൊക്കെയായി ഞങ്ങള് ജീവിതം തള്ളി നീക്കി. എന്റെ താഴെ പിള്ളേര് രണ്ടെണ്ണം -ഒരാണും ഒരു പെണ്ണും ഉണ്ട്. ഞാന് പത്തുവരെ പഠിച്ചു തോറ്റു നില്ക്കുമ്പോഴാണു കുഞ്ഞമ്മ എന്നെ കൂടെ കൊണ്ടുപോയി നിര്ത്താമെന്ന കാര്യം പറഞ്ഞത്.
കുഞ്ഞമ്മയുടെ വീട്ടില് ഞാന് ആദ്യമായല്ല വരുന്നത്. അമ്മയോടൊപ്പം പല പ്രാവശ്യം വന്നിട്ടുണ്ട്. പക്ഷേ ഒരിക്കിലും ഞങ്ങള് രാത്രി തങ്ങിയിട്ടില്ല.
കുഞ്ഞമ്മയാണു നാട്ടിലെ വീട്ടില് വന്നു നില്ക്കാറു. ചിലപ്പോള് കുഞ്ഞമ്മയുടെ ഭര്ത്താവും വരും. അങ്ങോര്ക്കു കുഞ്ഞമ്മയോ അമ്മയോ വലിയ പ്രാധാന്യം കൊടുക്കാറില്ല. അതുകൊണ്ടു ഞങ്ങളും അങ്ങനെതന്നെ. കൊടുക്കുന്നത് കഴിച്ചു അങ്ങോര് വരാന്തയില് പാ വിരിച്ചു കിടന്നുറങ്ങും. രാഘവന് കൊച്ചച്ചന് എന്നാണു ഞങ്ങള് വിളിക്കാറെങ്കിലും അങ്ങനെ എടുത്തു വിളിക്കേണ്ട അധികം സന്ദര്ഭങ്ങള് ഒന്നും ഉണ്ടാവാറില . കുഞ്ഞമ്മയുടെ ആദ്യഭര്ത്താവിനെ ഞങ്ങളാരും കണ്ടിട്ടില്ല. അയാള് ഇപ്പോള് വേറെ കെട്ടി ദൂരെ എവിടെയോ അന്നു താമസം.
Leave a Reply